05:56pm 05 November 2026
NEWS
നീതിന്യായ നിർവഹണത്തിൽ ദേശീയ പൈതൃകത്തിന്റെ പെരുമ: ഖത്തറിലെ അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്
05/11/2026  09:18 AM IST
nila
നീതിന്യായ നിർവഹണത്തിൽ ദേശീയ പൈതൃകത്തിന്റെ പെരുമ: ഖത്തറിലെ അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്

 


ദോഹ: ഖത്തറിലെ അഭിഭാഷകർക്കായി ദേശീയ പാരമ്പര്യ തനിമയിലുള്ള പുതിയ ഔദ്യോഗിക വസ്ത്രം പുറത്തിറക്കി. നീതിന്യായ മന്ത്രിയും മന്ത്രിസഭാ കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് പുതിയ പ്രൊഫഷണൽ ഡ്രസ് കോഡ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ ജുഡീഷ്യൽ വ്യക്തിത്വം ദൃഢമാക്കുന്നതിനും ഖത്തറിന്റെ സാംസ്കാരിക പൈതൃകവുമായുള്ള ബന്ധം എടുത്തു കാണിക്കുന്നതിനുമാണ് മന്ത്രാലയം ഈ പുതിയ മാറ്റം കൊണ്ടുവന്നത്.
​ഖത്തരി തനിമയും തൊഴിൽപരമായ ഗാംഭീര്യവും സമന്വയിപ്പിച്ചാണ് പുതിയ കോട്ടിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. കോടതിയിലെ പ്രാതിനിധ്യ നിലവാരത്തിനും അഭിഭാഷകരുടെ പരിചയസമ്പത്തിനും തസ്തികകൾക്കും അനുസൃതമായി നാല് വ്യത്യസ്ത ഘടനകളിലാണ് യൂണിഫോം ക്രമീകരിച്ചിരിക്കുന്നത്.
​ട്രെയിനി അഭിഭാഷകർ, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അഭിഭാഷകർ, അപ്പീൽ കോടതി അഭിഭാഷകർ, കാസേഷൻ കോടതി (Court of Cassation) അഭിഭാഷകർ എന്നിങ്ങനെ നാല് തലങ്ങളിലാണ് ഈ വർഗ്ഗീകരണം.
​ഖത്തരി പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രമായ 'ബിഷ്തിലെ' സൂക്ഷ്മമായ തുന്നൽപ്പണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുരുഷ അഭിഭാഷകരുടെയും, കൈത്തറി തുന്നൽപ്പണികൾ ഉൾപ്പെടുത്തി വനിതാ അഭിഭാഷകരുടെയും വസ്ത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക നിറങ്ങളും തുന്നലുകളുമാണ് നൽകിയിട്ടുള്ളതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ലീഗൽ പ്രൊഫഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ കരീം ഹമൂദ് അൽ റുവൈലി വിശദീകരിച്ചു.
​ഇതൊരു കേവല വസ്ത്രധാരണ മാറ്റം മാത്രമല്ലെന്നും, നീതിന്യായ നിർവഹണത്തിൽ അഭിഭാഷകരുടെ പദവിയും അച്ചടക്കവും ദേശീയ അഭിമാനവും ഉയർത്തിപ്പിടിക്കുന്ന പ്രൊഫഷണൽ ചുവടുവെപ്പാണെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img